Saturday, November 9, 2013

യേശു മരിച്ചവരോട് സുവിശേഷം പ്രസംഗിച്ചോ ?!

വായിക്കുമ്പോൾ ലളിതമെന്നു തോന്നുമെങ്കിലും കൂടുതൽ ആഴത്തിൽ മനസ്സിലാക്കേണ്ടതും വളരെയധികം തെറ്റിദ്ധാരണകൾക്ക് വഴിവയ്ക്കുന്നതുമായ രണ്ടു ബൈബിൾ ഭാഗങ്ങളാണ് ഇവിടെ ചര്ച്ച ചെയ്യുന്നത് ..

1. "ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവ ത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത് (1 പത്രോസ് 4:6)

ഈ വചനഭാഗത്തെ പരേതാത്മാക്കളോട്‌ വചനം പറയുന്നതിനും അവരെ സ്‌നാനപ്പെടുത്തുന്നതിനുമുള്ള അടിസ്ഥാനമായി സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ പോലുള്ള ചില പ്രസ്ഥാനങ്ങൾ കരുതുന്നുണ്ട്‌. തന്മൂലം ഈ വചനഭാഗത്തെ സ്‌പഷ്‌ടമായി മനസ്സിലാക്കേണ്ടതുണ്ട്‌.

'മരിച്ചവരോട്‌ സുവിശേഷം പ്രസംഗിക്കപ്പെട്ടു' എന്നതിന്റെ വ്യാഖ്യാനമാണ്‌ വിവാദങ്ങള്‍ക്ക്‌ നിദാനമാകുന്നത്‌. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന 'മരിച്ചവര്‍' ആരാണ്‌ എന്നതാണ്‌ പ്രശ്‌നം. 'ആത്മീയമായി മരിച്ചവര്‍' എന്ന അര്‍ത്ഥത്തിലാണ്‌ ആറാം വാക്യത്തെ മനസ്സിലാക്കേണ്ടത്‌ എന്നാണ്‌ സഭാപിതാവായ അലക്‌സാണ്ട്രിയായിലെ ക്ലെമെന്റ്‌ അഭിപ്രായപ്പെടുന്നത്‌ (Adumbrationes, ANF II,571-572). ലൂക്കാ 9:59-60; യോഹ 5:25; എഫേ 2:1,5 എന്നീ വചനഭാഗങ്ങളെ ഇത്തരമൊരു വ്യാഖ്യാനത്തിന്‌ ആധാരമായി ക്ലമന്റ്‌ അവതരിപ്പിക്കുന്നുണ്ട്‌. ലേഖനത്തിന്റെ മതമര്‍ദ്ദന പശ്ചാത്തലം കേവലം ആത്മീയമായ മരണം എ ന്ന ആശയത്തെ സാധൂകരിക്കുന്നില്ല. തന്നെയുമല്ല 'പ്രസംഗിക്കപ്പെട്ടു' എന്ന ക്രിയ (എവംഗലിസ്‌തേ) ഭൂതകാലത്തിലാകയാല്‍ (aorist) ആത്മീയമരണം എന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തെയല്ല സൂചിപ്പിക്കുന്ന ത്‌ എന്നു കരുതാം.

4:6-ലെ 'മരിച്ചവര്‍' ആരാണ്‌ എന്ന്‌ മനസ്സിലാക്കാന്‍ 4:5-ലെ 'ജീവിക്കുന്നവരെയും മരിച്ചവരെയും' എന്ന പദപ്രയോഗത്തിന്റെ അര്‍ത്ഥവ്യാഖ്യാനം ഗ്രഹിക്കേണ്ടതുണ്ട്‌. 'ജീവി ക്കുന്നവരെയും മരിച്ചവരെയും (സോന്താ സ്‌ കായി നെക്രൂസ്‌) വിധിക്കുന്നവന്‍' എന്ന പദപ്രയോഗം ആദിമസഭയില്‍ സര്‍വ്വസാ ധാരണമായി ഉപയോഗിച്ചിരുന്നു. 2 തിമോ 4:1; 1 തെസ. 4:13-17; ബാര്‍ണ്ണബാസിനുള്ള ലേഖനം 7:2 (ANF I, 129) എന്നീ രേഖകളില്‍ ഈ പദപ്രയോഗം സ്‌പഷ്‌ടമായി കാണപ്പെടുന്നുണ്ട്‌. 'മരിച്ചവര്‍' എന്ന പദപ്രയോഗത്തിലൂടെ നരകത്തിലാണ്ടുപോയ, നിത്യശിക്ഷക്കു വിധിക്കപ്പെട്ട പരേതാത്മാക്കള്‍ എന്ന ആശയം മേല്‍പറഞ്ഞ രേഖകളിലൊന്നുമില്ല. ഈ പദപ്രയോഗത്തിന്റെ അര്‍ത്ഥം വിശുദ്ധ പൗലോസ്‌ ശ്ലീഹാ വിശദമായി നല്‍കുന്നുണ്ട്‌. "അവസാന കാഹളം മുഴങ്ങുമ്പോള്‍ മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും (ജീവിച്ചിരിക്കുന്നവര്‍) രൂപാന്തരപ്പെടുകയും ചെയ്യും'' (1 കോറി 15:52). മരിച്ചവരും ജീവിക്കുന്നവരും എന്ന പദപ്രയോഗം പ്രത്യക്ഷത്തില്‍ സകല വി ശ്വാസികളും എന്ന അര്‍ത്ഥത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌ എന്ന്‌ വ്യക്തമാണ്‌. ക്രിസ്‌തുവിന്റെ രണ്ടാം വരവിനു മുമ്പേ മരണമടയുന്ന വിശ്വാസികളുടെ ഭാവിയെക്കുറിച്ചുള്ള ആദിമ ക്രൈസ്‌തവരുടെ ആശങ്കയെ ദൂരീകരിക്കാനാണ്‌ ഇത്തരമൊരു പദപ്രയോഗം ഉപയോഗിച്ചത്‌. അന്ത്യവിധിയില്‍ സൃഷ്‌ടപ്രപഞ്ചം മുഴുവനും (നാനാജാതി മനുഷ്യരും) അണിനിരക്കുന്നു എന്ന വിശ്വാസം വിശുദ്ധ ഗ്രന്ഥത്തില്‍ ശക്തമാണെങ്കിലും 'മരിച്ചവരെയും ജീവിക്കുന്നവരെയും' എന്ന പദപ്രയോഗം ക്രിസ്‌തുവില്‍ വിശ്വസിക്കുന്ന സകലരെയു (മരിച്ചവരും ജീവിക്കുന്നവരും) മാണ്‌ സൂചിപ്പിക്കുന്നത്‌. ഈ അര്‍ത്ഥത്തില്‍ 4:6-ലെ മരിച്ചവര്‍ ആരെന്ന്‌ വ്യക്തമാണ്‌. വചനപ്രഘോഷണം കേട്ട്‌ ക്രിസ്‌തുവില്‍ വിശ്വസിക്കുകയും മതമര്‍ദ്ദകരാല്‍ വധിക്കപ്പെടുകയും ചെയ്‌ത രക്തസാക്ഷികളെയാണ്‌ 'മരിച്ചവരോടും' (കായി നെക്രോയിസ്‌) എന്ന പദത്തിലൂടെ ലക്ഷ്യമാക്കുന്നത്‌. വിജാതീയരുടെ `ദുഷ്‌കര്‍മ്മത്തില്‍ പങ്കുചേരാത്തവര്‍' (വാ. 4), വിജാതീയരാല്‍ ദുഷിക്കപ്പെട്ടവര്‍, ശരീരത്തില്‍ വിധിക്കപ്പെട്ടവര്‍ (വാ. 5), ദൈവത്തെപ്പോലെ ജീവിക്കുന്നവര്‍ (വാ. 6), എന്നീ വിശേഷണങ്ങളെല്ലാം 'രക്തസാക്ഷികളായ വിശ്വാസികള്‍' എന്ന അര്‍ത്ഥവുമായി തികച്ചും ഒത്തുപോകുന്നുണ്ട്‌.

ആരാണ്‌ മരിച്ചവരോട്‌ സുവിശേഷം പ്രസംഗിച്ചത്‌ എന്ന ചോദ്യം പ്രസക്തമാണ്‌. 4:6 ലെ `പ്രഘോഷിക്കപ്പെട്ടു' (എവംഗലിസ്‌തേ) എന്ന കര്‍മ്മിണിപ്രയോഗത്തിലുള്ള ക്രിയയുടെ കര്‍മ്മമായാണ്‌ `മരിച്ചവര്‍' എന്ന പദം ഉപയോഗിക്കുന്നത്‌. ഇതാകട്ടെ സംയോജികാവിഭക്തി (dative case)-യി ലാണുതാനും (നെക്രോയിസ്‌). 1 പത്രോ 1:25 ല്‍ ഇതേ ക്രിയയുടെ കര്‍മ്മം പ്രതിഗ്രാഹികാവിഭക്തി (accusative case) യിലാണ്‌ (എവംഗലിസ്‌തേന്‍ എയ്‌സ്‌ ഹുമാസ്‌). സാധാരണഗതിയില്‍ പുതിയ നിയമത്തില്‍ ഈ ക്രിയയുടെ കര്‍ത്താവായി നിര്‍ദ്ദേശികാവിഭക്തി (nominative case)യിലുള്ള നാമങ്ങളാണ്‌ ഉപയോഗിക്കുന്നത്‌ (ഉദാ. മത്താ 11:5; ലൂക്കാ 7:22; ഹെബ്രാ 4:2,6) 4:6 ലെ പ്രഘോഷിക്കപ്പെട്ടു (എവംഗലിസ്‌തേ) എന്ന സകര്‍മ്മകക്രിയയുടെ കര്‍ത്താവ്‌ ആരാണെന്ന്‌ വചനഭാഗത്തുനിന്ന്‌ സ്‌പഷ്‌ടമല്ല. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ `മരിച്ചവരോട്‌' സുവിശേഷം പ്രസംഗിച്ചതാരാണ്‌ എന്ന്‌ 4:6-ല്‍ നിന്നു വ്യക്തമല്ല. ക്രിസ്‌തു തന്നെയാണ്‌ മരിച്ചവരോട്‌ സുവിശേഷം പ്രസംഗിച്ചത്‌ എന്നു കരുതാന്‍ പോരുന്ന സാന്ദര്‍ഭികമോ (contextual) വ്യാകരണപരമോ (grammatical) ആശയപരമോ (semantic) ആയ യാതൊരു അടിസ്ഥാനവും 4:6ല്‍ ഇല്ല. പിന്നെ ആരാണ്‌ മരിച്ചവരോട്‌ സുവിശേഷം പ്രസംഗിച്ചത്‌? പത്രോസിന്റെ ഒന്നാം ലേഖനം തന്നെ ഇതിന്‌ ഉത്തരം തരുന്നുണ്ട്‌. താഴെപ്പറയുന്ന വാക്യങ്ങള്‍ ശ്രദ്ധിക്കുക.

1:12 സ്വര്‍ഗ്ഗത്തില്‍ നിന്നയക്കപ്പെട്ട പരിശുദ്ധാത്മാവു വഴി സുവിശേഷപ്രസംഗകര്‍ ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ? 1:25 കര്‍ത്താവിന്റെ വചനം എന്നും നിലനില്‌ക്കുന്നു. ആ വചനം തന്നെയാണ്‌ നിങ്ങളോട്‌ പ്രഘോഷിക്കപ്പെട്ട വചനം.

ഈ രണ്ടു വാക്യങ്ങളുടെയും വെളിച്ചത്തില്‍, ലേഖനകര്‍ത്താവ്‌ 4:6ല്‍ ഉദ്ദേശിക്കു ന്ന `മരിച്ചവരോട്‌' സുവിശേഷം പ്രഘോഷി ച്ചവര്‍ പ്രസ്‌തുതസഭയിലെ വചനപ്രഘോഷകര്‍ തന്നെയാണെന്നു വ്യക്തമാകും. പ്രസ്‌തുത പ്രഘോഷകര്‍ പാതാളങ്ങളില്‍ ഇറങ്ങിച്ചെന്ന്‌ നരകവാസികളോട്‌ സുവിശേ ഷം പ്രസംഗിച്ച്‌ മാനസാന്തരപ്പെടുത്തി എന്നു കരുതാന്‍ യാതൊരു ന്യായവുമില്ലല്ലോ. സഭയിലെ വചന പ്രഘോഷകരുടെ പ്രഭാഷണം കേട്ട്‌ ക്രിസ്‌തുവില്‍ വിശ്വസിക്കുകയും പ്രസ്‌തുത വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുകയും ചെയ്‌ത മരിച്ചവരെയാണ്‌ 4:6-ല്‍ വിവരിക്കുന്നത്‌.

ശരീരത്തില്‍ വിധിക്കപ്പെട്ടെങ്കിലും അവര്‍ ദൈവതിരുമുമ്പില്‍ ജീവിക്കുന്നു. ഈ ആശ യം എഴുതുമ്പോള്‍ ലേഖനകര്‍ത്താവിന്റെ മനസില്‍ ജ്ഞാനം 3:1-9; 5:15 എന്നീ വചനഭാഗങ്ങളുടെ സ്വാധീനമുണ്ടായിരുന്നു എന്ന്‌ അനുമാനിക്കാം. നീതിമാന്‍ മരിച്ചതായി ഭോഷന്‍മാര്‍ കരുതുമെങ്കിലും.... അവരാകട്ടെ ശാന്തി അനുഭവിക്കുന്നു (3:4) എന്ന ആശയം തന്നെയാണ്‌ 1 പത്രോസ്‌ 4:6 ലും വിശദീകരിക്കുന്നത്‌.

പ്രഘോഷിക്കപ്പെട്ടത്‌ (എവംഗലിസ്‌തേ) എന്ന ഭൂതകാലക്രിയ (aorist) ഉപയോഗിച്ചിരിക്കുന്നതിനാല്‍ പ്രസ്‌തുത പ്രഘോഷണപ്രക്രിയ മരിച്ചവരുടെയിടയില്‍ നിത്യകാലം തുടരേണ്ട പ്രഘോഷണത്തെയല്ല സൂചിപ്പിക്കുന്നത്‌. മറിച്ച്‌ മരണത്തിനുമുമ്പ്‌ പ്രഘോഷിക്കപ്പെട്ട സുവിശേഷത്തെയാണ്‌ ഇവിടെ വിവക്ഷിക്കുന്നത്‌. മരിച്ചവരുടെ ആത്മാക്കളോട്‌ വചനം പ്രഘോഷിക്കുന്നു എന്ന്‌ അവകാശപ്പെടുന്ന വിഭാഗങ്ങള്‍ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ 1 പത്രോ 4:6 നെ ഉപയോഗിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന്‌ വ്യക്തമാണല്ലോ.

>>====================================<<

2. " ആത്മാവോടുകൂടെചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്റെ കാലത്തു പെട്ടകം പണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. " (1 പത്രോസ് 3:19-20)

രക്ഷകര സന്ദേശം നല്കുന്നതിന് ജനസങ്ക്ൽപ്പങ്ങളിൽ നിലനില്ക്കുന്ന ചില ഐതിഹ്യ കഥകൾ അഥവാ 'മിത്തു'കൾ ബൈബിൾ പലയിടത്തും ഉപയോഗിക്കാറുണ്ട് . അക്ഷരാർതതിലല്ല പ്രതീകാത്മകമായി വേണം ഇവയെ മനസ്സിലാക്കുവാൻ . എത്യോപ്യയിൽ പ്രചാരത്തിലിരുന്ന ഹെനോക്കിന്റെ അപ്പോക്രിഫ പുസ്തകവും അതിൽ വിശദമായി വിവരിച്ചിട്ടുള്ള ഹെനോക്കിന്റെ പാതാളസന്ദർശനവുമാനു 1 പത്രോസ് 3:19-20 ൽ പറയുന്ന യേശുവിന്റെ പാതാളസന്ദർശനതിനും പരേതാത്മാക്കളോടുള്ള സുവിശേഷ പ്രഖോഷണത്തിനും മാതൃകയും പ്രതീകവുമായിത്തിർന്നതു .യഹൂദ പാരമ്പര്യമനുസരിച്ച് മരിച്ചവരെല്ലാം അന്ത്യവിധി കാത്ത് കഴിയുന്ന സ്ഥലമാണ് പാതാളം . ഉല്പത്തി 6:1-4 ൽ വിവരിക്കുന്ന ദൈവപുത്രനമാരും മനുഷ്യപുത്രിമാരുമായി വെഴ്ചയിലെർപ്പെട്ടതും അവര്ക്ക് അതികായന്മാരായ പുത്രന്മാർ ഉണ്ടാകുന്നതുമെല്ലാം ഈ പുസ്തകത്തിൽ വിശദമായി വിവരിക്കുന്നുണ്ട് . ഈ ദൈവപുത്രന്മാരെ വലിയ പാപികളായിട്ടാണ് യാഹൂദപാരബര്യം പരിഗണിക്കുന്നത് .നോഹിന്റെ കാലത്ത് പെട്ടകം പണിതപ്പോൾ ദൈവത്തെ അനുസരിക്കതിരുന്നവരും ഇവരെപ്പോലെ കൊടും പാപികളായാണ് യഹൂദപാരമാബര്യം കരുതുന്നത് .അവരുടെ കൊടും പാപത്തിനു ശിക്ഷയായി അന്ത്യവിധിവരെ ചങ്ങലകളാൽ ബന്ധിതരായി അവർ പാതാളത്തിൽ കഴിയുകയാണത്രേ . എത്യോപ്യൻ ഹെനോക്ക് ബുക്ക് അനുസര്ച്ചു അവര്ക്ക് ഒരിക്കലും മാപ്പോ മോചനമോ ലഭിക്കുകയില്ലെന്നു പാതാളത്തിൽ ചെന്ന് അറിയിക്കാൻ ഹെനോക്ക് നിയോഗിക്കപ്പെടുന്നു . എന്നാൽ തങ്ങൾക്കുവേണ്ടി ദൈവത്തോട് മാപ്പപേക്ഷിക്കാൻ ഈ പാതാളവാസികൾ ഹെനോക്കിനോട് അഭ്യർത്തിക്കുന്നു . പക്ഷെ ഹെനോക്കിന്നു നിർദേശം ലഭികുന്നത്‌ , തങ്ങൾക്കു ഒരിക്കലും സമാധാനം ലഭിക്കുകയില്ലെന്നു പാതാളത്തിൽ ചെന്ന് നിർണ്ണായകവും അന്തിമവുമായി അവരെ അറിയിക്കാനാണ് . ഈ പശ്ചാത്തലവുമായാണ് ലേഖനകർത്താവ് യേശുവിനെ ബന്ധിപ്പിക്കുന്നത് .

എന്നാൽ യേശുവിന്റെ പീഡാസഹനവും മരണവും ഉയർപ്പും വഴി എല്ലാക്കാലത്തും എല്ലാദേശങ്ങളിലും ജീവിച്ചിരുന്നവരും ജീവിക്കുന്നവരും ജീവിക്കാനിരിക്കുന്നവരുമായ എല്ലാ മനുഷ്യര്ക്കും രക്ഷയുടെ വാതിൽ തുറന്നിരിക്കുന്നുവെന്നു ഹെനോക്കിന്റെ കഥയെ അനുരൂപപ്പെടുതിക്കൊണ്ട് നല്കുന്ന സന്ദേഹമാണ് യേശുവിന്റെ പതാള സന്ദര്ശനവും പരേതാത്മാക്കളോടുള്ള സുവിശേഷ പ്രഖോഷണവും .അക്ഷരാർത്ഥത്തിൽ മനസ്സിലാക്കേണ്ട ഒരു റിപ്പോർട്ടല്ല അത് ..,പ്രത്യത പ്രതീകങ്ങളിലൂടെ നല്കപ്പെടുന്ന ഒരു രക്ഷാകര സന്ദേശമാണ് .യേശുവിന്റെ മഹത്വവും അനന്യതയും എടുത്തു കാണിക്കുവാനും ഹെനോക്കുമായുള്ള താരതമ്യം ഉപയോഗപ്പെടുതിയിരിക്കുകയാണ് . ഹെനോക്ക് പാതാളത്തിൽ ചെന്നറിയിക്കുന്നത് അവിടത്തെ ബന്ധനസ്തരായ അന്തെവാസികൾക്ക് ഒരിക്കലും രക്ഷയില്ലെന്നാണെങ്കിൽ , യേശു പ്രഖ്യാപിക്കുന്നത് തന്റെ മരണത്തിലൂടെ എല്ലാ മനുഷ്യരും നേടിയ രക്ഷയുടെ സന്ദേശമാണ് .

Authers:
റവ: ഡോ: സിപ്രിയാൻ ഇല്ലിക്കമുറി
റവ: ഡോ:ജോസഫ് പാംബ്ലാനി

Thursday, February 21, 2013

മദ്യപാനം പാപമോ ?

അഞ്ച് മില്യണിലേറെ വരുന്ന കേരള കത്തോലിക്കര്‍ക്ക് ഏറെ താമസിയാതെ മദ്യപാനം ഒരു പാപമാകാന്‍(ഒരുപക്ഷെ ,ഒരു മാരകപാപം !) പോകുന്നു എനാണ് അടുത്ത നാളിലെ വാര്‍ത്ത .കേരള കത്തോലിക്ക മെത്രാന്‍ സംഘം നിയോഗിച്ച കമീഷന്റെ പഠനനിര്‍ദേശമനുസരിച്ചു മദ്യപാനം നടത്തിയവര്‍ കുബസാരത്തില്‍ ഏറ്റു പറയാന്‍ ബാധ്യസ്ഥരാണ്.ഈ വിഷത്തില്‍ കമ്മീഷന്റെ മറ്റൊരു നിര്‍ദേശം മദ്യപരെ സഭാസ്ഥാപങ്ങളില്‍ നിന്ന് വിലക്കുക എന്നതാണ്. 2013 ഫെബ്രവുവരി 2 ന് ഇത് സംബന്ധിച്ച് കെ.സി.ബി.സി. യുടെ ഒവ്ദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നു കമ്മീഷന്‍ സെക്രടറി ഫാ.പി.ജെ.ആന്റണി അറിയിച്ചിട്ടുണ്ട് (വാര്‍ത്ത)

മദ്യപാനം കേരളത്തില്‍ ഒരു പകര്‍ച്ചവ്യാധി പോലെ വ്യാപിക്കുകയാണ് .ഇപ്പോഴത് സ്കൂള്‍ തലത്തിലെ കുട്ടികളുടെ ഇടയില്‍ വരെ എത്തിയിരിക്കുന്നു .ഇത് സൃഷ്ടിക്കുന്ന സാമൂഹികവും ഗാര്‍ഹികവും വ്യക്തിപരവുമായ ദുഷിപ്പുകള്‍ ഏറെയാണ് .വികസിത -വികസ്വര രാജ്യങ്ങളില്‍ ഹൃദ്രോഗങ്ങളും ക്യാന്‍സറും കഴിഞ്ഞാല്‍ ഏറ്റവും വലിയ മൂന്നാമത്തെ ആരോഗ്യപ്രശ്നമായിട്ടാണ് ആരോഗ്യമേഖലയിലെ പ്രമുഖര്‍ മദ്യപാനത്തെ കണക്കാക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയോക്കെയാണെന്നിരിക്കിലും (കെ.സി.ബി.സി.) മദ്യപാനത്തെ ഒരു പാപമായി കണക്കാക്കാമെന്ന കമ്മീഷന്റെ നിലപാട് പല രീതിയിലും ചോദ്യം ചെയ്യപ്പെടാവുന്നതാണ് .

1) ഒന്നാമതായി ,മദ്യപര്‍ പലതരത്തില്‍ വേര്‍തിരിച്ചു കാണാന്‍ കമ്മീഷന്‍ ശ്രമിച്ചിട്ടില്ല .എല്ലാതരം മദ്യപരെയും ഒരുമിച്ച് 'പാപം' എന്നാ ഒറ്റ കൊട്ടക്കുള്ളിലേക്കിട്ടു .മദ്യപര്‍ പലതരമുണ്ട് .ഉത്ത്രവാടിത്വമുള്ള മദ്യപാനികള്‍,സ്ഥിരമദ്യപര്‍,അമിതമദ്യപരെ നാല് ഗാനത്തില്‍ തിരിച്ചിട്ടുണ്ട്. സാമൂഹികമദ്യപര്‍ (ആഘോഷങ്ങളുടെ ഭാഗമായി വല്ലപ്പോഴും മദ്യപിക്കുന്നവര്‍),ഉപദ്രവകരമായ മദ്യപര്‍ (മദ്യം അപകടകരമായ ഒരവസ്ഥയിലേക്ക് മാറാന്‍ പറ്റുന്ന രീതിയില്‍ മദ്യപാനം ശീലമാക്കാന്‍ തുടങ്ങിയവര്‍ ),അപകടകരമായി മദ്യപര്‍(ആരോഗ്യ കുടുംബ -സാമൂഹിക പ്രശങ്ങള്‍ ഉണ്ടാക്കുന്ന രീതിയില്‍ മദ്യപാനം അപകടകരമായ് ഒരു ശീലമാക്കിയവര്‍ ),മദ്യമില്ലാതെ ജീവിക്കാന്‍ പറ്റാത്ത രീതിയില്‍ അസ്വസ്ഥത കാണിക്കുന്ന ആശ്രിത മദ്യപര്‍(Social ,Harmful, Hazardous and Dependent Drinkers)

2) രണ്ടാമതായി,ഈ സമീപനം ഒരു ആരോഗ്യപ്രശ്നത്തെ ധാര്‍മ്മിക പ്രശന്മാക്കി മാറ്റുകയാണ് .ഇന്ത്യന്‍ ഭാരഖടനയുടെ നിര്‍മ്മാതാക്കള്‍ മദ്യപാനത്തെ ആരോഗ്യത്തിന്റെ പശ്ചാതലത്തില്‍ പരിഗണിച്ച് അതിനു മേലുള്ള നിരോധനങ്ങളും ഉപയോഗത്തിനുള്ള മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട് .ഭരണഘടന മദ്യപാനത്തെ ഒരു ധാര്‍മ്മിക പ്രശ്നമാക്കി മാറ്റിയിട്ടില്ല .

3) മൂന്നാമത്തെ അപാകത മദ്യപാനത്തിന്റെ കാരണം കണ്ടെത്തുന്നതിലാണ്. എന്താണ് മദ്യപാനത്തിന്റെ കാരങ്ങള്‍ ? മദ്യപാനത്തിന് പല കാരണങ്ങളുണ്ട്. ആരോഗ്യമെഖലയിലെ പഠനങ്ങള്‍ മദ്യപാനത്തെ ജനിതകവും ജീവശാത്രസ്പരവുമായ ഘടകങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമായി കണക്കാക്കുന്നുണ്ട് .ലോകാരോഗ്യസംഘടനയുടെയും യൂറോപ്യന്‍ -അമേരിക്കന്‍ ആരോഗ്യസംഘടകളുടെയും ഒവ്ദ്യോഗിക പഠനങ്ങല്‍ മദ്യപാനത്തെ ഒരു രോഗമായി കണക്കാക്കാം എന്നു പറയുന്നു. ചില കുടുംബങ്ങളില്‍ ജനിതകമായ പ്രത്യേകതകള്‍ മൂലം പാരബര്യത്തിലൂടെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന മദ്യപാനശീലം കാണാനാവും .

4) അവസാനമായി ,ധാര്‍മ്മിക തലവും നൈതികതലവും ഇവിടെ കൂട്ടിക്കുഴക്കപ്പെടുകയാണ് .ക്രിസ്തീയധാര്‍മ്മിക നിയമങ്ങള്‍ (Moral laws)പ്രകൃതിനിയമങ്ങള്‍ക്കും സുവിശേഷ നിയമങ്ങള്‍ക്കുമനുസൃതമായിട്ടാണ് രൂപപ്പെട്ടിട്ടുള്ളതും ഇനി രൂപപ്പെടെണ്ടതും .രാഷ്ട്രവും സമൂഹവും രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും കെട്ടുറപ്പിനുവേണ്ടി പല നിയമങ്ങളും രൂപപ്പെടുത്തുന്നുണ്ടാവാം. അവയെ പോതുപെരുമാറ്റ നിയമങ്ങളായിട്ടു (positive laws) വേണം മനസ്സിലാക്കാന്‍ .സഭ ഒരു ദൈവികസ്ഥാപനമായിരിക്കുബോള്‍ പ്രകൃതിനിയമതിന്റെയോ ദൈവികവെളിപാടിന്റെയോ ഭാഗമല്ലാത്തതൊന്നും 'പാപം' എന്ന മത പ്രത്യയ ഭാവനയില്‍ കൊണ്ടുവരാന്‍ പാടുള്ളതല്ല .'പാപം' എന്നത് ഒരു നിയമലംഘനത്തിനു വിധിക്കുന്ന ശിക്ഷയായിട്ടല്ല മനസ്സിലാക്കേണ്ടത് . പാപം അടിസ്ഥാനപരമായി ദൈവ -മനുഷ്യ ബന്ധത്തില്‍ നിന്നുള്ള അകന്നു പോക്കാണെന്നിരിക്കെ സാമൂഹിക പെരുമാറ്റ നിയമങ്ങളെ പാപത്തിന്റെ ഗണത്തില്‍പെടുത്തി സഭാശിക്ഷാനടപടി (മദ്യാര്‍ക്ക് സഭാസ്ഥാപനങ്ങളില്‍ വിലക്ക് )സ്വീകരിക്കാന്‍ സഭയ്ക്ക് ധാര്‍മ്മിക അധികാരമില്ലെന്ന് പല രീതിയിലും സ്ഥാപിക്കാനാവും.

* പാപത്തെ ഏതെങ്കിലും ഒരു നിയമത്തിന്റെ ലംങ്കനത്തിനു കൊടുക്കുന്ന ശിക്ഷാ നടപടിയായി കാണാനാവില്ല .അതിന്റെ അര്‍ഥം സഭയ്ക്ക്‌ വിശ്വാസികളുടെ ജീവിതത്തിനു ആവശ്യമായ അച്ചടക്കനിയമങ്ങളും നിബന്ധനകളും രൂപവത്കരിക്കാനധികാരമില്ല എന്നല്ല .മറിച്ച് ശിക്ഷാനടപടിയെന്നോണം ഒരു നിയമലംഘനത്തെ പാപമെന്നു വിളിക്കാനാവില്ല എന്നാണു .കാരണം പാപം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ദൈവവും മനുഷ്യനുമായുള്ള സ്നേഹബന്ധത്തിന്റെ വിശ്ചെടനമാണ് .മദ്യപിക്കുന്ന ഒരാള്‍ സ്നേഹത്തിന്റെ പ്രതിഫലനമായ അത്മീയജീവിതത്തില്‍ ഉല്‍സാഹിയായിരിക്കുകയും കുടുംബത്തിലും സമൂഹത്തിലും സഹോദരന്സ്നേഹത്തിന്റെ തികഞ്ഞ മാതൃകയായിരിക്കുകയും ചെയ്യുമ്പോള്‍ അയാളുടെ മദ്യപാനശീലത്തെ എങ്ങനെ പാപമെന്നു വിളിക്കും ? ചിലപ്പോള്‍ മദ്യപാനം അദേഹത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം ,വിഷമടങ്ങിയ ഭക്ഷണപദാര്തങ്ങള്‍ നിരന്തരമായി ആഹരിക്കുന്നത് ക്യാന്‍സറിനു കാരണമാകുന്നത് പോലെ .

* മദ്യപാനത്തെ ഒരു മാരകപാപമായി പ്രഖ്യാപിക്കാന്‍ പോവുകയാണെങ്കില്‍ അത് കുറച്ചുകൂടെ വൈഷമ്യം പിടിച്ച ഒരു നിലപാടിലായിരിക്കും എത്തിക്കുക .ഒരു പാപം മരകപാപമാകുന്നത് ഗൌരകരമായ കാര്യങ്ങളില്‍ മുഴുവന്‍ അറിവോടും പൂര്‍ണ്ണ സംമ്മതത്തോടും കൂടി വ്യക്തി തീരുമാനമെടുത്തു ചെയ്യുമ്പോള്‍ മാത്രമാണ്. ഒരു കാര്യം ഗൌരവമുള്ളതാകുന്നത് അതിന്റെ സ്വാഭാവിക പ്രകൃതിയില്‍ത്തന്നെയാണ് .ഉദാഹരണത്തിന് കൊലപാതകം ഗൌരവകരമായ പ്രവൃത്തിയാണ് ,കാരണം ,അത് ജീവനെ ഹനിക്കുന്നതും തിന്മയാണെന്നു സാര്‍വ്വത്രിക ധാര്‍മ്മിക മനസാക്ഷി അംഗീകരിക്കുന്നതുമാണ് .അതിനെ ഏതെങ്കിലും ഒരു അധികാരിക്ക് ഒവ്ദ്യോഗിക നിയമ പ്രഖ്യാപനം നടത്തി ലഘുവാക്കാനാവുന്നതല്ല .എന്നാല്‍ കൊലപാതകം ചെയ്യുന്ന ഒരാള്‍ മാരകപാപമാണോ ചെയ്തത് എന്നാ തീരുമാനത്തിലെത്താന്‍ മറ്റ് രണ്ടു കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട് -മുഴുവനായ അറിവും പൂര്‍ണ്ണമായ സമ്മതവും .മാനസികരോഗിയോ അല്ലെങ്കില്‍ കുട്ടിയോ ആണ് കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെങ്കില്‍ യഥാര്‍ത്ഥ അറിവില്ലായ്മയാണ് ഈ പ്രവൃത്തിക്ക് പിന്നിലുള്ളത് .അതുപോലെ സ്വരക്ഷക്ക് വേണ്ടി കൊലചെയ്യുന്നവര്‍ പൂര്‍ണ്ണസമ്മതതോടെയല്ല അത് ചെയ്യുന്നത് .മാരകപാപത്തെ നിര്‍ണ്ണയിക്കുന്ന അറിവ് ,സമ്മതം എന്ന രണ്ടും മൂന്നും കാര്യങ്ങള്‍ വ്യക്തികളെയും സാഹചര്യങ്ങളെയും ആശ്രയിച്ചു വ്യത്യാസപ്പെട്ടിരിക്കും .അതിനാല്‍ സഭാനിയമത്തിന് ,ഒരു പ്രവൃത്തി ഗൌരവമുള്ളതാണോ ലഘുവാണോ എന്ന് നിശ്ചയിക്കാന്‍ മാത്രമേ ആകൂ .അത് മാരകപാപമാണോ ലഘുപാപമാണോ എന്ന ധാര്‍മ്മിക വിലയിരുത്തല്‍ നടത്തേണ്ടത് അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികളാണ്.ഒരു പടികൂടി കടന്ന് മാരകപാപം എന്നത് ദൈവത്തിനെതിരെയുള്ള ആത്യന്തികമായ മനുഷ്യന്റെ തിരഞ്ഞെടുപ്പാണെന്നിരിക്കെ അത് എതെങ്കിലും ഒരു പ്രത്യേക പാപമായിട്ടല്ല കൃപാരഹിതമായ മനുഷ്യ പ്രകൃതിയുടെ അവസ്ഥയായി വേണം മനസ്സിലാക്കാന്‍ .അങ്ങനെയെങ്കില്‍ പുറത്ത് നിന്ന് ഒരു മൂന്നാം കഷിക്ക് തീര്‍പ്പു കല്പ്പിക്കനാവാത്ത വണ്ണം വ്യക്തിപരമായി തിരിച്ചറിയേണ്ട ഒരു സാധ്യതയാണിത്.

* അടുത്തതായി നിയമപരമായ ബാധ്യതയും ധാര്‍മ്മികമായ ബാധ്യതയും തമ്മില്‍ വേര്‍തിരിച്ചു കാണേണ്ടതുണ്ട് .നിയമനിര്‍മ്മാതാവിനു നിയമാപരമായ ബാധ്യത നിറവേറ്റാന്‍ നിയമപരമായ മാര്ഗ്ഗങ്ങളും നടപടികളും സ്വീകരിക്കാം എന്നിരിക്കെ ,ധാര്‍മ്മിക ബാധ്യത നിറവേറ്റുന്നതില്‍ ഒരു വ്യക്തിക്ക് നേരെ നിയമപരമായ നിലപാടുകലെടുക്കാനാവില്ല. ഉദാഹരണത്തിന് ,വ്യക്തിപരമായ കാരണങ്ങളാല്‍ വിവാഹബന്ധം വേര്‍പിരിയാന്‍ ആഗ്രഹിക്കുന്ന ഭര്‍ത്താവിനോട് ഭാര്യയ്ക്കും കുട്ടികള്‍ക്കും കുട്ടികള്‍ക്ക് പ്രായപൂര്തിയാകുന്നതുവരെ ജീവിതചിലവിനുള്ള തുക കൊടുക്കണമെന്ന് നിയമം മൂലം കോടതിക്ക് വിധിക്കാനാവും .എന്നാല്‍ ആയാള്‍ ഭാര്യയേയും മക്കളെയും സ്നേഹിക്കണമെന്നു നിയമം മൂലം ആവ്ശ്യപ്പെടാനാവില്ല. ഒരു സദുപദേശം എന്ന നിലയില്‍ നിര്‍ദേശിക്കാം എന്നു മാത്രം. കാരണം ഒന്നാമത്തേത് നിയമപരമായ ബാധ്യതയും രണ്ടാമത്തേത് ധാര്‍മ്മിക ബാധ്യതയുമാണ് .ധാര്‍മ്മിക ബാധ്യതകള്‍ നിറവേറ്റുന്നതില്‍ വ്യക്തികള്‍ക്ക് അവരുടെ പൂര്‍ണ്ണമായ സ്വാതന്ത്രം അനുവദിക്കേണ്ടതുണ്ട്. അതില്‍ നിയമദാതാവിനു ഒരു ഉപദേശകന്റെ ഭാഗം മാത്രമേയൊള്ളൂ .നിയമദാതാവ് എന്ന റോളില്‍ രാക്ഷ്ട്രത്തിനും സഭക്കും മദ്യപാനത്തിന്റെ കാര്യത്തില്‍ ചെയ്യാനാവുന്നത് വ്യക്തികളെ മദ്യത്തിന്റെ വിപത്തുകളെക്കുറിച്ചു ബോധവത്കരിക്കുകയും അതിന്റെ ഉപയോഗത്തില്‍ വ്യക്തിസ്വാതന്ത്രത്തെ ഹനിക്കാതെ നിയമപരമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുകയും മാത്രമാണ് .

* സഭാനിയമത്തിന്റെ ലംഘനതിനു ശിക്ഷയായി പാപം ആരോപിക്കുക എന്നത് മതാത്മകമല്ലാത്ത രാക്ഷ്ട്രധികാരത്തിന്റെ അന്ധമായ അനുകരണത്തില്‍ നിന്ന് സഭയില്‍ വന്നു ചേര്‍ന്ന തെറ്റായ ഒരു പ്രവണതയാണ് .രാക്ഷ്ട്രം അതിന്റെ നിയമങ്ങളനുസരിപ്പാന്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നു. സഭ അത്തരം നിലപടുകലെടുത്തു വിശ്വാസികളെ 'സഭാവിദേയരാക്കുവാന്‍ 'പഴയകാലങ്ങളില്‍ ശ്രമിചിട്ടുണ്ട് .ഇത് സഭയുടെ ദൈവികസ്വഭാവത്തിനു കളങ്കമായി മാറുകയും ചെയ്തിട്ടുണ്ട് .

കെ.സി.ബി.സി. കമ്മീഷന്റെ മദ്യവിരുദ്ധ നിലപാടുകളെ ശാഘിക്കുമ്പോള്‍ തന്നെ മറ്റ് പല ചോദ്യങ്ങള്‍കൂടി സാമൂഹിക -രാക്ഷ്ട്രീയ -മനശാസ്ത്ര ദൈവശാസ്ത്ര പക്ഷങ്ങളില്‍ നിന്ന് ഈ വിഷയത്തെക്കുറിച്ച് ഉയര്ത്തപ്പെടെണ്ടതുണ്ട് .മദ്യപാനത്തെ ഓരു പാപമാക്കി മാറ്റുന്നതുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത് ? അത് പാപത്തെക്കുറിച്ച് ഒട്ടും വേവലാതിപ്പെടാത്ത കുറെ 'പാപികളെക്കൂടി 'സൃഷ്ടിക്കുക മാത്രമല്ലേ ചെയ്യുന്നുള്ളൂ ? അങ്ങനെ പാപത്തെയും കുബസാരമെന്നു കൂദാശയും ഒരു മൌദ്യമാക്കുകയല്ലേ ?അമിത മദ്യപാനമാണോ അതോ എല്ലാതരം മദ്യപാനങ്ങളും ഈ പാപത്തിന്റെ ലിസ്റ്റില്‍ പെടുമോ ?സഭാസേവനം നടത്തുന്ന മദ്യപനശീലമുള്ള വൈദികരെ സഭാസേവനത്തില്‍ നിന്ന് വിലക്കുമോ ?അങ്ങനെ ചോദ്യങ്ങള്‍ പലതാണ് .സഭ സത്യത്തില്‍ ചെയ്യേണ്ടത് ജനങ്ങളെ ജാതിമതഭേതമന്യേ ഈ മഹാവിപത്തിനെക്കുറിച്ച് ബോധവത്കരിക്കുകയും പ്രശ്നപരിഹരത്തിനായി പ്രയോഗികമായ നടപടികള്‍ എടുക്കുകയും ചെയ്യുക എന്നതാണ് .അല്ലാതെ പാപത്തിന്റെ ലിസ്റ്റിന്റെ ദൈര്‍ഖ്യം കൂട്ടിയതുകൊണ്ട് ഇക്കാര്യത്തില്‍ എന്തെങ്കിലും ശ്വാശ്വത പരിഹാരമുണ്ടാകുമെന്നു തോന്നുന്നില്ല .

Auther ഡോ : ഫെലിക്സ് പൊടിമറ്റം